മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതം; വീടുകളിലെ ആഘോഷത്തിന് വൈന്‍ ഉണ്ടാക്കാം: മന്ത്രി ടി പി രാമകൃഷ്‌ണൻ

single-img
4 December 2019

ആഘോഷങ്ങൾക്കായി വീടുകളിൽ ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ വൈൻ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ. ഇതുമായി ബന്ധപ്പെട്ടുപുറത്തുവരുന്ന മറിച്ചുള്ള മാധ്യമ വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. വ്യക്തികൾ വീടുകളിൽ സ്വന്തം ആവശ്യത്തിന്‌ വൈൻ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷവേളകളിൽ വ്യാപകമായി അനധികൃത വൈൻ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ രീതിയിൽ അനധികൃതമായി വൈൻ നിർമിച്ച വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇതുവഴി പല അനിഷ്ടസംഭവങ്ങൾക്കും കാരണമാകുകയും ചെയ്യാം.

ഇവ ഒഴിവാക്കുന്നതിനാണ് ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നൽകിയ പൊതുനിർദേശത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. പക്ഷെ സ്വകാര്യമായി വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ വൈൻ ഉൽപാദിപ്പിക്കുന്നത്‌ നിരോധിച്ചിട്ടില്ല. സംസ്ഥാന എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യപ്പെടുന്നതാനൊന്നും മന്ത്രി പറഞ്ഞു.