ഹൈദരാബാദ് കൊലപാതകം; വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിച്ചു

single-img
4 December 2019

തെലുങ്കാനയിലെ ഹൈദരാബാദിൽ യുവതിയായ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി തീകൊളുത്തപെട്ട് കൊല്ലപ്പെട്ട കേസിൽ വിചാരണ നടത്താനായി അതിവേഗ കോടതി സ്ഥാപിച്ചു. ഹൈദരാബാദിലുള്ള മഹ്ബൂബ നഗറിലാണ് അതിവേഗ കോടതി സ്ഥാപിച്ചത്. കേസിലെ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം , കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ളവർ രംഗത്തെത്തി. വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു ആവശ്യപ്പെട്ടു.

കൊലപാതകത്തിൽ കുറ്റക്കാരൻ ആണെങ്കിൽ തന്റെ മകനെയും തീ കൊളുത്തണമെന്ന് പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറയുന്നു. കൊലപാതകത്തിൽ രാജ്യവ്യാപകമായി തന്നെ പ്രതിഷേധം തുടരുന്നതിനിടെയാണ് വിചാരണ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്.

അതിവേഗ കോടതിയിലൂടെ സംസ്ഥാനത്തെ വാറങ്കലിൽ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ കേസിൽ 56 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയിരുന്നു.അതുപോലെ തന്നെ ഈ കേസിലും നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആവശ്യപ്പെടുകയായിരുന്നു.