ബലാത്സംഗത്തെ നിയമാനുസൃതമാക്കുക വഴി ക്രൂരമായ കൊലപാതകങ്ങള്‍ ഒഴിവാക്കാം: സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍

single-img
4 December 2019

ബലാത്സംഗത്തെ സര്‍ക്കാര്‍ നിയമാനുസൃതമാക്കുന്നതിലൂടെ ക്രൂരമായ കൊലപാതകങ്ങള്‍ ഒഴിവാക്കാമെന്ന വിവാദ പ്രസ്താവനയുമായി സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗം നേരിടാന്‍ സ്ത്രീകള്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ എന്ന പേരില്‍ ഇദ്ദേഹം നടത്തിയ ഞെട്ടിക്കുന്ന ചില പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചർച്ച.

ലൈംഗികാതിക്രമം ഉണ്ടായാൽ അതിനെ സ്ത്രീകള്‍ നേരിടേണ്ടത് കോണ്ടം കൈയില്‍ കരുതിയാണെന്നും
തന്നെ ബലാത്സംഗം ചെയ്യുന്നവരുമായി സ്ത്രീകള്‍ സഹകരിക്കുകയാണ് വേണ്ടതെന്നുമാണ് സംവിധായകൻ പറയുന്നത്. അതിക്രമത്തെ തുടർന്നുള്ള ക്രൂരമായ കൊലപാതകങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ‘അക്രമം ഇല്ലാതെ ബലാത്സംഗത്തെ’ നേരിടുക എന്നത് മാത്രമാണെന്നും ഇയാള്‍ പറയുന്നു.

‘കൊലപാതകം എന്നത് പാപവും കുറ്റവുമാണെന്നും സർക്കാർ കൊണ്ടുവന്ന നിര്‍ഭയ ആക്ട് കൊണ്ടോ പ്രിയങ്ക ആക്ടുകൊണ്ടോ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ആ സമയം ഉള്ള മാനസികാവസ്ഥയെ അടിസ്ഥാനമാക്കി ബലാത്സംഗക്കാരുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് നല്ല മാര്‍ഗമെന്നും ഇയാൾ പറയുന്നു.

ബലാത്സംഗം ചെയ്യാൻ എത്തിയാൽ പിന്നെ അവരുടെ നിര്‍ദ്ദേശത്തിന് വഴങ്ങാത്തവരെ ബലാത്സംഗം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല. അക്രമം ഇല്ലാതെ ബലാത്സംഗത്തെ സര്‍ക്കാര്‍ നിയമാനുസൃതമാക്കുക വഴി മാത്രമെ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും സംവിധായകൻ പറയുന്നു.

‘ ബലാത്സംഗം എന്നൊക്കെ പറയുന്നത് അത്ര വലിയ കാര്യമല്ല. എന്നാൽ അതിന് ശേഷമുള്ള കൊലപാതകം അത് ഒഴിവാക്കേണ്ടതാണ്. നമ്മുടെ സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന വ്യക്തിക്ക് സര്‍ക്കാരോ നിയമമോ ചെറിയ ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. അതുകൊണ്ടു തന്നെ വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന ആളുകളെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ അതിന് ശേഷമുള്ള കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാം.

18 വയസുള്ള കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവാന്‍മാരാക്കുക. ഇതുവഴി മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. വീരപ്പനെ കൊന്നതുകൊണ്ട് കള്ളക്കടത്ത് ഇല്ലാതവുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. അതുപോലെ തന്നെ ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. അങ്ങിനെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല എന്നതും.

ചെയ്യാൻ കഴിയുന്നത് പ്രധാനമായും ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് തികഞ്ഞവർ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക…തങ്ങളുടെ ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇതുപോലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു’- സംവിധായകൻ ഫേസ്ബുക്കില്‍ എഴുതുന്നു.
എന്നാൽ ഈ പോസ്റ്റ് വിവാദമായതോടെ ഇയാള്‍ കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ കുറിപ്പ് ഇടുകയുമായിരുന്നു.