ബലാത്സംഗം നടന്ന് മൂന്ന് മാസത്തിന് ശേഷം വീട്ടുജോലിക്കാരി പരാതി നല്‍കി; പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

single-img
4 December 2019

പീഡനം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്ന വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഡൽഹി സ്വദേശി കുറ്റക്കാരനല്ലെന്ന് ദില്ലി കോടതിയുടെ വിധി. പരാതിയിൽ പറഞ്ഞ സംഭവം ഉണ്ടായ ശേഷവും സ്ത്രീ പ്രതിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. പോലീസ് നടത്തിയ വൈദ്യപരിശോധനാ സമയത്ത് പ്രതി പീഡിപ്പിച്ചതായി സ്ത്രീ മൊഴി നല്‍കിയിരുന്നില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

”ഒരു സ്ത്രീയും താൻ പീഡിപ്പിക്കപ്പെട്ടതിന് ശേഷവും അയാള്‍ക്കൊപ്പം അതെ സ്ഥലത്തുതന്നെ ജോലി ചെയ്യാന്‍ തയ്യാറാവില്ല. ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നിട്ടുള്ളതെന്ന് അതില്‍നിന്നുതന്നെ വ്യക്തമാണ്. ഈ രീതിയിൽ അവര്‍ തിരിച്ചുവരുന്നുവെങ്കില്‍ പ്രതിയുമായി അവള്‍ ലൈംഗികബന്ധത്തിന് തയ്യാറാണെന്നാണ് അയാള്‍ ധരിക്കുക” – വിധിയിൽ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉമേദ് സിംഗ് ഗ്രെവാള്‍ പറഞ്ഞു.

2010ലായിരുന്നു സ്ത്രീ പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്നതിന് മൂന്ന് മാസത്തിന് ശേഷമാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ സമയം വരെ അവര്‍ അടുപ്പമുള്ളവരോട് പോലും ഇക്കാര്യം സംസാരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിയിൽ പറയുന്ന സംഭവം ഉണ്ടായി, ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ തന്നെ സ്ത്രീ അയാള്‍ക്കുകീഴില്‍ വീണ്ടും ജോലിക്കെത്തിയെന്നതും പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടി.

2009 നവംബര്‍ മാസം മുതല്‍ ഡൽഹിയിലെ രോഹിണിയിലെ ഒരു വീട്ടില്‍ വീട്ടുജോലിചെയ്യുകയാണ് സ്ത്രീ. ഇവിടെവെച്ച് ആറോ ഏഴോ തവണ തൊഴിലുടമയുടെ പിതാവ് തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. 2010 മാര്‍ച്ച് 14നായിരുന്നു സ്ത്രീ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുന്നത്. അതെ മാസം തന്നെ 16ന് പ്രതിയെ അറസ്റ്റ് ചെയ്തു. മുന്‍പ് തന്നെ പരാതി നല്‍കാന്‍ അവസരമുണ്ടായിട്ടും സ്ത്രീ അത് ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു.