അര്‍ഹതയുള്ള മുഴുവനാളുകള്‍ക്കും ഭൂമിയുടെ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

single-img
3 December 2019

തൃശൂര്‍: അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ഭൂമിയുടെ പട്ടയം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതാണ് സര്‍ക്കാരിന്റെ നിലപാട്.ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി അമ്പത് വര്‍ഷം പിന്നിടുമ്പോഴും ഭൂമിയുടെ അവകാശം ലഭിക്കാത്തവരുണ്ട്. ഇക്കാര്യം വലിയ പ്രശ്‌നമാണെന്നും, അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പുതുതായി അനുവദിച്ച രണ്ട് ലാന്റ് ട്രൈബ്യൂണല്‍ ഓഫീസുകളുടെ ഉദ്ഘാടനവേളയിലായി രുന്നു മന്ത്രിയുടെ പ്രഖ്യാപനം. കുന്നംകുളത്തും ഇരിങ്ങാലക്കുടയിലുമാണ് പുതുതായി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകള്‍ തുടങ്ങിയത്.

ജന്മിത്വം അവസാനിപ്പിച്ചിട്ട് അരനൂറ്റാണ്ടായിട്ടും ജന്മിമാരെ അന്വേഷിച്ച്‌ നടന്ന് കൈവശവകാശ കേസുകള്‍ അനന്തമായി നീളുന്ന സ്ഥിതിയാണുളളത്. ഇത് അവസാനിപ്പിക്കണം. ജന്മിമാരെ കാത്തിരിക്കേണ്ടതില്ല. ഒന്നോ രണ്ടോ സിറ്റിംഗിനുളളില്‍ പ്രശ്‌നം പരിഹരിച്ച്‌ പട്ടയം നല്‍കാനുളള നടപടികള്‍ കൈകൊളളണം.
മലബാറിലാണ് കൂടുതല്‍ പട്ടയ അപേക്ഷയുളളത് അത് കൊണ്ടാണ് അപേക്ഷകള്‍ കുറവായ തിരുവിതാകൂര്‍ ജില്ലകളിലെ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകള്‍ മലബാറിലേക്ക് മാറ്റി സ്ഥാപിച്ചത്. കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇനി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകള്‍ക്ക് കഴിയണം.

സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ 240000 അപേക്ഷകളാണ് പട്ടയത്തിനായി ഉണ്ടായിരുന്നത്. ഇതില്‍ ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍ തീര്‍പ്പാക്കി. ഡിസംബര്‍-ജനുവരിയ്ക്കുളളില്‍ 50000 അപേക്ഷകള്‍ കൂടെ തീര്‍പ്പാക്കി പട്ടയം നല്‍കും. പട്ടയ അപേക്ഷകള്‍ കെട്ടികിടക്കുന്നതൊഴിവാക്കാന്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും.