മാര്‍ത്തോമാ പള്ളി ജില്ലാകളക്ടര്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി • ഇ വാർത്ത | evartha High Court to seize District Collector of Mar Thoma Church
Breaking News, Kerala, latest

മാര്‍ത്തോമാ പള്ളി ജില്ലാകളക്ടര്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

മുളന്തുരുത്തി മാര്‍ത്തോമാ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പള്ളി പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം ഉപയോഗിക്കാമെന്ന് ഉത്തരവിട്ടു. പള്ളി ഏറ്റെടുക്കും മുമ്പ് എല്ലാവിഭാഗങ്ങളെയും നീക്കിയെന്ന് ഉറപ്പുവരുത്തണം. ആരെങ്കിലും തടസം നിന്നാല്‍ അറസ്റ്റ് ചെയ്ത് നീക്കണം. ഭരണഘടന അനുസരിച്ച് നിയമവാഴ്ച ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. നിസഹായവസ്ഥ പറഞ്ഞ് സര്‍ക്കാര്‍ വിലപേശാന്‍ നോക്കിയാല്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച പ്രാര്‍ഥനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് ചെറിയ പള്ളി വികാരി ഫാ. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ മുന്‍സിഫ് കോടതി ഫാ. തോമസ് പോള്‍ റമ്പാന് അനുമതി നല്‍കിയിരുന്നു.

യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കുന്നതും നേരത്തെ കോടതി തടഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റു ചെയ്തു.

ഫാ. തോമസ് പോള്‍ റമ്പാന് സംരക്ഷണം നല്‍കാത്തത്തില്‍ ബുധനാഴ്ച ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.