ക്രിസ്തുമസിന് വീട്ടില്‍ വൈനുണ്ടാക്കല്ലേ അകത്താകും; കര്‍ശന നിര്‍ദേശവുമായി എക്‌സൈസ്

single-img
3 December 2019

ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് വീടുകളില്‍ വൈനുണ്ടാക്കാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കുക!. ഇനി മുതല്‍ വീട്ടില്‍ വൈനുണ്ടാക്കി യാലും കുടുങ്ങും. വീടുകളിലെ വൈന്‍ നിര്‍മ്മാണം നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി എക്‌സൈസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വീര്യം കുറഞ്ഞ വൈനുകള്‍ ആണെങ്കില്‍ പോലും ഇനി പിടി വീഴും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

അങ്ങനെ കണ്ടെത്തിയാല്‍ റെയ്ഡ് നടത്തി പിടിക്കുമെന്നും ജാമ്യംകിട്ടാത്ത കുറ്റമാണിതെന്നും എക്സൈസ് കൂട്ടിച്ചേര്‍ത്തു.മാത്രമല്ല വീടുകളില്‍ വൈന്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമ ങ്ങളില്‍പ്രചരിപ്പിച്ചാലും ഇനി നടപടിയുണ്ടാകും.

അരിഷ്ടമടക്കമുള്ള ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്‌സൈസ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സര കാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പുണ്ട്.