വളരെ സിംപിളാണ് ഈ രാജാവ്; എയര്‍ ഇന്ത്യ വിമാനത്തില്‍ സ്വന്തം ബാഗും തൂക്കി ഇതാ ഒരു രാജാവ് • ഇ വാർത്ത | evartha king of sweden flies air india lands in delhi carrying own bags
Featured, National

വളരെ സിംപിളാണ് ഈ രാജാവ്; എയര്‍ ഇന്ത്യ വിമാനത്തില്‍ സ്വന്തം ബാഗും തൂക്കി ഇതാ ഒരു രാജാവ്

അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സന്ദര്‍ശനത്തിനാണ് സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫ് ഫോക്ക് ഹുബെര്‍ട്ടസും, രാജ്ഞി സില്‍വിയ റെനാറ്റെ സോമര്‍ലാതും ഇന്ന് ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തില്‍ എത്തിയ രാജാവിനെയും, രാജ്ഞിയെയും മന്ത്രി ബബുല്‍ സുപ്രിയോ സ്വീകരിച്ചു. സന്ദർശനത്തിനായി സ്‌റ്റോക്ക്‌ഹോമില്‍ നിന്നും ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാജദമ്പതികള്‍ സഞ്ചരിച്ചത്.

യാത്ര ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ ട്വിറ്റര്‍ ഹാന്‍ഡില്‍ കാള്‍ രാജാവിന്റെയും, സില്‍വിയ രാജ്ഞിയുടെയും ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. കാരണം, രാജാവും, രാജ്ഞിയും അവരുടെ ബാഗുകള്‍ സ്വയം കൈയില്‍ തൂക്കിയാണ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

ഒരു രാജ്യത്തിന്റെ രാജാവ് എന്ന സെലിബ്രിറ്റി പദവി നോക്കാതെ സിംപിളായി പ്രവര്‍ത്തിച്ചതാണ് ഇന്ത്യക്കാരെ ആകര്‍ഷിച്ചത്. സ്വന്തം വിഐപി സംസ്‌കാരം ഒക്കെ മാറ്റിവെച്ചാണ് കാള്‍ രാജാവ് ഇന്ത്യയില്‍ എത്തിയത്. വിമാനത്തിലെ പോലെ തന്നെ സ്വന്തം പെട്ടിയും, കൈയില്‍ ഫയലും പിടിച്ചാണ് അദ്ദേഹം കാറില്‍ കയറിയതും. ഇരുവരുടെയും പ്രവൃത്തി വളരെ പ്രചോദനകരമാണെന്ന് ഓണ്‍ലൈന്‍ ലോകം പ്രതികരിച്ചു.