കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ വെട്ടിലാക്കി സുമലത,ആര്‍ക്കും പിന്തുണയില്ല

single-img
2 December 2019

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലപാട് വ്യക്തമാക്കി മാണ്ഡ്യ മണ്ഡലം എംപിയും സിനിമാതാരവുമായ സുമലത അംബരീഷ്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും സ്ഥാനാര്‍ത്ഥിക്കും പിന്തുണ നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് തനിക്കെന്ന് ഇവര്‍ പറഞ്ഞു. താനൊരു സ്വതന്ത്ര ലോക്‌സഭാ എംപി യാണ്. തന്റെ കൂടി മണ്ഡലമായ കെ.ആര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ ശരിയായ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരാണ് .

ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമെന്നും സുമലത പറഞ്ഞു. ദേശീയ മാധ്യമത്തിനോടായിരുന്നു അവരുടെ പ്രതികരണം. സുമലതയുടെ നിലപാട് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.ഉപതെരഞ്ഞെടുപ്പില്‍ ബിജെപി താരത്തിന്റെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുമലതയുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബിജെപി അവരെ പിന്തുണച്ചിരുന്നു. പ്രത്യുപകാരം പ്രതീക്ഷിച്ച പാര്‍ട്ടിക്കുള്ള മറുപടിയെന്നോണമാണ് സുമലതയുടെ പ്രസ്താവന.