ഗുജറാത്തിൽ ഗാന്ധി സ്ഥാപിച്ച സ്‌കൂളിൽ നിന്നും പോലീസ് പിടിച്ചെടുത്തത് 5.18 ലക്ഷം രൂപയുടെ മദ്യശേഖരം

single-img
2 December 2019

സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിൽ മഹാത്മാ ഗാന്ധി സ്ഥാപിച്ച സ്കൂളിൽ നിന്നും പോലീസ് പിടികൂടിയത് വന്‍ മദ്യശേഖരം. സംസ്ഥാനത്തെ രാജ്‌കോട്ടിലെ സ്‌കൂളില്‍നിന്ന് 5.18 ലക്ഷം രൂപയുടെ മദ്യശേഖരമാണ് പോലീസ് കണ്ടെടുത്തത്.

പ്രസ്തുത സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവിടെ 473 വലിയ കുപ്പികള്‍, 260 ചെറിയ കുപ്പികള്‍, 16 ബിയര്‍ കെയ്സുകള്‍ എന്നിവയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

വൻതോതിൽ മദ്യശേഖരം കണ്ടെത്തിയെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സ്‌കൂളിലെ തന്നെ മുന്‍ ജീവനക്കാരനാണ് മദ്യവ്യാപാരം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത് .

അതേസമയം മദ്യവ്യാപാരവുമായി സ്‌കൂളിനു യാതൊരു ബന്ധവുമില്ലെന്ന് സ്‌കൂള്‍ ട്രസ്റ്റി ജിത്തു ഭട്ട് പറയുന്നു.
ഗുജറാത്തിന്റെ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ജന്‍മദേശവും അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്‍റെ ഭാഗവുമാണ് ഈ സ്കൂള്‍.