ആര്‍സി ബുക്ക് ഇവിടെ കിട്ടണം, കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ല; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണിയുമായി ബസുടമ

single-img
2 December 2019

പിടിച്ചെടുത്ത ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന്റെ പേരില്‍ സംസ്ഥാന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസ്സുടമയുടെ ഭീഷണി. തിരുവനന്തപുരം – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ അജീഷിനു നേരെ ഭീഷണി മുഴക്കിയത്.

ഭീഷണിയുമായി ബന്ധപ്പെട്ട ഫോണ്‍കോളിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വെച്ച് ജോഷ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്നത്. ബസിന്റെ നിയമ ലംഘനം ചൂണ്ടാക്കാട്ടി ബസ്സിന്റെ ഫിറ്റ്‌നെസ് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ബസ്സുടമ ജോഷി അജീഷിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

‘ഇന്ന് തന്നെ പിടിച്ചെടുത്ത ബസ്സിന്റെ ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വ്വീസില്‍ കാണില്ല. നീ എന്നെ പറ്റി ഒന്നന്വേഷിച്ചു നോക്ക്. ഗുസ്തിപിടിക്കാന്‍ വരരുത്. ജോയിന്റ് ആര്‍ടിഎയ്ക്ക് കാര്യങ്ങള്‍ അറിയാം. കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല. ആര്‍സി ബുക്ക് ഇവിടെ കിട്ടണം’. ഈ രീതിയിൽ ഭീഷണി മുഴക്കിയായിരുന്നു ബസ്സുടമയുടെ കോള്‍. അതേസമയം ബസ്സുടമയുടെ ഭീഷണിക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസില്‍ പരാതി നല്‍കി.