നിർമ്മലയല്ല, ‘നിര്‍ബലാ’ സീതാരാമന്‍; സാമ്പത്തിക മാന്ദ്യത്തെ മുൻനിർത്തി പാർലമെന്റിൽ കോൺഗ്രസ് പ്രതിഷേധം

single-img
2 December 2019

രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മുൻനിർത്തികേന്ദ്രത്തിനെതിരെയും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെതിരേയും പാര്‍ലമെന്റില്‍ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ വളര്‍ച്ച ഇപ്പോഴത്തെ രീതിയിൽ ത്വരിതപ്പെടാന്‍ കാരണം കേന്ദ്രസര്‍ക്കാരിന് ദീര്‍ഘവീക്ഷണം ഇല്ലാത്തതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് എ.പി അധിര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു. കേന്ദ്ര ധനമന്ത്രിയെ നിര്‍മ്മലാ സീതാരാമന്‍ എന്ന് വിളിക്കുന്നതിലും ഉചിതം ‘നിര്‍ബലാ സീതാരാമന്‍’ എന്ന് വിളിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദി ഭാഷയിൽ ദുര്‍ബലയായ എന്ന അര്‍ത്ഥത്തിലാണ് പ്രതിപക്ഷ എംപി നിര്‍മ്മലാ സീതാരാമനെ അത്തരത്തിൽ വിശേഷണം നൽകിയത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ അവരെ അനുവദിക്കുന്നില്ലയെന്നതിനെ സൂചിപ്പിച്ചാണ് അധിര്‍രഞ്ജന്‍ ചൗധരി കേന്ദ്ര മന്ത്രിയെ നിര്‍ബല എന്ന് വിളിച്ചത്.

‘ഞങ്ങള്‍ കേന്ദ്ര ധനമന്ത്രിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പക്ഷെ ചില സമയങ്ങളില്‍ നിര്‍മ്മലാ സീതാരാമന്‍ എന്നതിന് പകരം നിര്‍ബലാ സീതാരാമന്‍ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം എന്നും ചിന്തിക്കാറുണ്ട്. നിങ്ങള്‍ രാജ്യത്തിന്റെ ധനകാര്യമന്ത്രിയാണ്. പക്ഷെ സമ്പദ്‌വ്യവസ്ഥയെകുറിച്ച് മനസില്‍ പോലും നിങ്ങള്‍ പറയാറുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.