നിര്‍മലയ്ക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല,മോദിയോട് സത്യം പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് പേടി: സുബ്രഹ്മണ്യന്‍ സ്വാമി

single-img
1 December 2019

ദില്ലി: കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടായെങ്കിലും മാന്ദ്യമില്ലെന്ന് കഴിഞ്ഞ ദിവസം നിര്‍മലാ സീതാരാമന്‍ പ്രസ്താവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ മന്ത്രി മൈക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് കാണാം. ഇന്ത്യന്‍ വളര്‍ച്ചാ നിരക്ക് 4.8% ആയി കുറഞ്ഞെന്നാണ് മന്ത്രി പറഞ്ഞത്.

എന്നാല്‍ ഇത് 1.5%ആണെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിലവില്‍ ലഭ്യതക്കുറവിന്റെ പ്രശ്‌നമില്ലെന്നും ആവശ്യം കുറയുന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി കോര്‍പ്പറേറ്റുകളുടെ ലഭ്യതയില്‍ കുത്തനെ ഉയര്‍ത്തുകയാണ് മന്ത്രി. കൂടാതെ പ്രധാനമന്ത്രിയോട് സ്ത്യം പറയാന്‍ അദേഹത്തിന്റെ ഉപദേശകര്‍ക്ക് ഭയമാണെന്നും എതിര്‍ അഭിപ്രായം പറയുന്നവരെ മോദിക്ക് ആവശ്യമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. അതേസമയം നിര്‍മലാ സീതാരാമനെതിരെ ആരോപണങ്ങളുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുണ്ട്. നിര്‍മല നേരത്തെ ജോലി ചെയ്തിരുന്ന പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ നിര്‍ദേശമനുസരിച്ച് സമ്പദ് നയങ്ങള്‍ തീരുമാനിക്കുന്നതായി അദേഹം ആരോപിച്ചിരുന്നു.