അയോധ്യ: തര്‍ക്ക ഭൂമിയില്‍ തന്നെ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യം: ശ്രീശ്രീ രവിശങ്കര്‍

single-img
1 December 2019

സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും ജാമിയത്ത്-ഉലമ-ഇ-ഹിന്ദിന്റെയും തീരുമാനം ഇരട്ട നിലപാടാണെന്ന് ശ്രീശ്രീ രവിശങ്കര്‍. പുന പരിശോധനാ ഹര്‍ജിക്ക് പകരം ഹിന്ദുക്കളും മുസ്‌ലിങ്ങളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്തുന്നതിനായി മുന്നോട്ടു പോവുകയാണ് ചെയ്യണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്കം നിലനിന്ന ഭൂമിയില്‍ പള്ളി പണിയണം എന്ന് ഒരു ഭാഗം ശഠിച്ചില്ലായിരുന്നെങ്കില്‍ അയോധ്യാ കേസ് വളരെ മുന്‍പ് തന്നെ പരിഹരിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ” അതെ, അയോധ്യ കേസിലെ വിധിയില്‍ ഞാന്‍ സന്തുഷ്ടനാണ്. 2003 മുതല്‍ ഈ വിഷയത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിനായി ഒരുവശത്ത് പള്ളിയും മറുവശത്ത് ക്ഷേത്രവും പണിയുക. എന്നാല്‍, തര്‍ക്ക ഭൂമിയില്‍ തന്നെ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമാണ്.” അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വളരെ കാലം നീണ്ടുനിന്ന തര്‍ക്കം പരിഹരിക്കാനുള്ള നല്ല തീരുമാനം എന്നാണ് അദ്ദേഹം അയോധ്യ വിധിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. “പലതരത്തിലുള്ള ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. കേസില്‍ പുനഃപരിശോധനക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതേ ആളുകള്‍ തന്നെ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ഇപ്പോള്‍ അവര്‍ നിലപാട് മാറ്റി.” വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനുള്ള എഐഎംപിഎല്‍ബിയുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു.