ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

single-img
1 December 2019

പ്രധാനമായും അസം സംസ്ഥാനത്തെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വരജിസ്റ്ററായ ദേശീയ പൗരത്വ രജിസ്റ്റർരാജ്യമാകെ നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് വൈകിട്ട് ജാര്‍ഖണ്ഡിലെ ബൊക്കാരോയില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാര്‍ ആരാണെന്ന് അറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ചില പാര്‍ട്ടികള്‍ ഇതിലും ഞങ്ങളുടെ ഭാഗത്ത് തെറ്റ് കണ്ടെത്തുന്നു, അങ്ങിനെയുള്ളവര്‍ ഞങ്ങളെ വര്‍ഗീയവാദികളാണെന്ന് ആരോപിക്കുന്നു, ” – രാജ്നാഥ് സിംഗ് പറഞ്ഞു.

അതേപോലെ തന്നെ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി, മുന്‍പുള്ള എല്ലാ പ്രകടന പത്രികയിലും തങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയാന്‍ പോവുകയാണെന്നും പറഞ്ഞു.

അടുത്ത് നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടവോട്ടെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.