രാജ്യദ്രോഹം, ഗാന്ധിജിയെ അറസ്റ്റ് ചെയ്തു; ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി സ്കൂള്‍ കലോത്സവ വേദിയില്‍ ഇംഗ്ലീഷ് സ്കിറ്റുകള്‍

single-img
1 December 2019

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെ ഇംഗ്ലീഷ് സ്‌കിറ്റിലാണ് സംഭവം. സമകാലീന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കി ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റുകള്‍ പ്രേക്ഷക പ്രശംസ നേടുകയുണ്ടായി. ദേശീയ അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ പരാമര്‍ശിക്കുന്നവയായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റുകളിലേറെയും.

അതില്‍ ഒന്നിലായിരുന്നു രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പ്രതികരണം നടത്തിയ മഹാത്മാഗാന്ധിയെ രാജ്യദ്രോഹം ആരോപിച്ചു അറസ്റ്റ് ചെയ്തത്. വിദ്വാന്‍ പി കേളു നായര്‍ സ്മാരക വേദിയില്‍ അരങ്ങേറിയ ബ്ലഫ് മാസ്റ്റര്‍ എന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റിലാണ് സമകാലീന സംഭവങ്ങള്‍ വിമര്‍ശനാത്മകമായി അവതരിപ്പിച്ചത്. രാജ്യതാല്പര്യത്തിനതിരായി ഭരണ കൂടത്തിനെതിരെ പ്രതികരണം നടത്തിയെന്നാരോപിച്ച് മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത ജയിലിലാക്കുന്നതായാണ് സ്‌കിറ്റില്‍ അവതരിപ്പിക്കപ്പെട്ടത്.

കാണരുത് കേള്‍ക്കരുത്, മിണ്ടരുത് എന്ന് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി പുതിയ തലമുറ സാമൂഹിക പ്രതിബദ്ധത ഇല്ലാതെ മായികലോകത്ത് അകപ്പെട്ട് പോകുന്നതും സ്‌കിറ്റില്‍ വിമര്‍ശന വിധേയമാകുന്നുണ്ട്. ജനാധിപത്യത്തിന്റെ തൂണുകള്‍ ഓരോന്നായി നശിപ്പിക്കുന്നതും തുടര്‍ന്ന് രാജ്യം ഏകാധിപത്യത്തിലേക്ക് എത്തുന്നതായും സ്‌കിറ്റില്‍ അവതരിക്കപ്പെട്ടു. ഇന്ത്യന്‍ സാഹചര്യത്തെ ഹാസ്യം കലര്‍ത്തി വിമര്‍ശനനാത്മകമായി അവതരിപ്പിച്ച സ്‌കിറ്റ് നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.