പബ്ബിൽ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവമോർച്ച നേതാവിനെതിരെ പരാതി

single-img
1 December 2019

ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച നേതാവിനെതിരെ ഹൈദരാബാദിൽ മോഡൽ പീഡനക്കേസ് നൽകി. തെലുങ്ക് ടെലിവിഷനിലെ ബി​ഗ്ബോസ് പരിപാടിയിലെ മുൻ മത്സരാർത്ഥിയും മോഡലുമായ യുവതി നൽകിയ പരാതിയിൽ ആശിഷ് ഘോഷിനെതിരെയാണ് മധാപൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

ബിജെപിയുടെ മുൻ പ്രമുഖ നേതാവും മുൻ എംഎൽഎയുമായ ടി നന്ദേശ്വർ ​ഗൗഡയുടെ മകനും കൂടിയാണ് ആശിഷ് ഘോഷ്.അടുത്തിടെയാണ് ടി നന്ദേശ്വർ ​ഗൗഡ ബിജെപി വിട്ട് ടിഡിപിയില്‍ വന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് സൈബറാബാദിലെ ഒരു ഹോട്ടലിലെ പബ്ബിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുത്തുക്കൊണ്ടിരിക്കെ പാട്ട് കേൾക്കുന്നതിനായി ഒരിടത്തേക്ക് മാറി നിന്നതായിരുന്നു യുവതിയും സുഹൃത്തുക്കളും. ഈ സമയം അവിടുത്തേക്ക് വന്ന ആശിഷും സുഹൃത്തുക്കളും തന്നോടും സുഹൃത്തുക്കളോടും മോശമായി പെരുമാറുകയായിരുന്നുവെന്ന് 27കാരിയായ മോഡൽ നൽകിയ പരാതിയിൽ പറയുന്നു.

ഇയാളോടൊപ്പം കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും തന്റെയും സുഹൃത്തുക്കളുടെയും കയ്യിൽ കയറിപ്പിടിക്കുകയും അശ്ളീല ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പിന്നാലെ ആശിഷ് ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.