യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷം; എസ്എഫ്ഐയെ വിമർശിച്ച് വി ടി ബൽറാം

single-img
30 November 2019

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോഴളേജിൽ കഴിഞ്ഞ ദിവസം നടന്ന എസ്എഫ് ഐ കെഎസ് യു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. ഫെയ്‍സ് ബുക്ക് പോസ്റ്റിലൂടെയായി രുന്നു എംഎൽഎയുടെ വിമർശനം.

വാളയാർ കേസിലും, മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലിലും എന്ത് പ്രതിഷേധമാണ് എസ്എഫ്ഐ ഇതുവരെ ഉയർത്തിയതെന്ന് ബൽറാം ചോദിക്കുന്നു. സ്വന്തം സംഘടനയിൽപ്പെട്ട ചെറുപ്പക്കാർ ഭീകരവാദികളെന്ന് മുദ്രകുത്തപ്പെട്ട് സ്വന്തം സർക്കാരിന്റെ പോലീസിനാൽ വേട്ടയാടപ്പെടുമ്പോൾ എസ്എഫ്ഐയിലേയും ഡിവൈഎഫ്ഐയിലേയും “പ്രതികരിക്കുന്ന യുവത്വം” കുന്തം വിഴുങ്ങി നിൽക്കുന്നത് ആരെപ്പേടിച്ച്? എന്നും വി ടി ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഫെയ്‍സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

”നല്ല എസ്എഫ്ഐയും ചീത്ത എസ്എഫ്ഐയും എന്ന വേർതിരിവിൽ യാതൊരു അർത്ഥവുമില്ലെന്ന് എത്രയോ തവണ പറഞ്ഞത് വീണ്ടുമൊരിക്കൽക്കൂടി ആവർത്തിക്കേണ്ടി വരുന്നു. ഒരു സാംസ്ക്കാരിക ഗ്ലോറിഫിക്കേഷനും അർഹതയില്ലാത്ത, കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ക്യാമ്പസ് രൂപം മാത്രമാണ് എസ്എഫ്ഐ. കഴിഞ്ഞ മുപ്പത് വർഷത്തിനകത്ത് എസ്എഫ്ഐക്ക് ഒരു മുഖമേ ഉണ്ടായിട്ടുള്ളൂ, ഒരു ഭാവമേ ഉണ്ടായിട്ടുള്ളൂ… ക്രിമിനലിസത്തിന്റെ, ജനാധിപത്യവിരുദ്ധതയുടെ, ആൾക്കൂട്ട നീതിയുടെ, ഭീരുത്വത്തിന്റെ, പാർട്ടി ദാസ്യത്തിന്റെ, പി.വിജയഭക്തിയുടെ ആകത്തുകയാണ് ആ സംഘടന. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ച യൂണിവേഴ്സിറ്റി കോളേജിലെ ക്രിമിനലുകൾ ആവർത്തിച്ച് തെളിയിക്കുന്നതും അത് തന്നെയാണ്.

ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെ, വിദ്യാർത്ഥികളെ, അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികൾ ഭരണകൂട വീഴ്ചയാൽ പുറത്തിറങ്ങി സ്വൈരവിഹാരം നടത്തുന്നതിനെതിരെ “കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന” എന്ത് പ്രതിഷേധമാണ് ഇതുവരെ നടത്തിയത്?

മൂന്നര വർഷത്തിനുള്ളിൽ ഏഴ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകരെ ഭരണകൂടം വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് വെടിവെച്ച് കൊന്നപ്പോൾ ചെ ഗുവേരയുടെ ചിത്രം ടീ ഷർട്ടിൽ പതിപ്പിച്ച് ഞെളിഞ്ഞു നടക്കുന്ന “വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാന”ക്കാർ അത് കേട്ടതായിപ്പോലും നടിക്കാത്തതെന്തുകൊണ്ട്?

സ്വന്തം സംഘടനയിൽപ്പെട്ട ചെറുപ്പക്കാർ ഭീകരവാദികളെന്ന് മുദ്രകുത്തപ്പെട്ട് സ്വന്തം സർക്കാരിന്റെ പോലീസിനാൽ വേട്ടയാടപ്പെടുമ്പോൾ എസ്എഫ്ഐയിലേയും ഡിവൈഎഫ്ഐയിലേയും “പ്രതികരിക്കുന്ന യുവത്വം” കുന്തം വിഴുങ്ങി നിൽക്കുന്നത് ആരെപ്പേടിച്ച്?

നാൽപ്പത് ലക്ഷത്തിലേറെ ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ഭരണഘടനാ സ്ഥാപനമായ കേരളാ പി എസ് സി സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ച് നിൽക്കുമ്പോൾ ഒരു നേർത്ത പ്രതികരണം പോലും അവരിൽ നിന്നുണ്ടാകാതെ പോവുന്നതെന്തുകൊണ്ട്?

കേരളത്തിലെ സർവ്വകലാശാലകൾ മുഴുവൻ അനധികൃത മാർക്ക് ദാനങ്ങളുടെ അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ടി വരുന്ന ഇക്കാലത്ത് മഹാഭൂരിപക്ഷം സർവ്വകലാശാലകളും ഭരിക്കുന്ന വിദ്യാർത്ഥി സംഘടനക്ക് നാവിറങ്ങിപ്പോവുന്നതെന്തുകൊണ്ട്?

പരിയാരം മെഡിക്കൽ കോളേജ് പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി സർക്കാർ ഏറ്റെടുത്തിട്ടും അവിടെ സർക്കാർ ഫീസിൽ പാവപ്പെട്ടവർക്ക് പഠിക്കാൻ കഴിയാത്തതെന്തേ എന്ന് ”പുഷ്പനെയറിയാമോ” എന്ന പാട്ടുപാടി നടക്കുന്നവർ ചോദിക്കാൻ മറന്നുപോകുന്നതെന്തുകൊണ്ട്?

ആണ്ടോടാണ്ട് ജാഥയായി വന്ന് സമർപ്പിക്കുന്ന അവകാശപത്രികാ നാടകത്തിനപ്പുറം കഴിഞ്ഞ മൂന്നര വർഷമായി എസ്എഫ്ഐ കേരളത്തിലെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് നിലപാടെടുത്ത ഏതെങ്കിലും ഒരൊറ്റ വിഷയം ആരുടേയെങ്കിലും ഓർമ്മയിൽ വരുന്നുണ്ടോ? എന്നിട്ടും എങ്ങിനെയാണ് കേരളത്തിലെ മഹാഭൂരിപക്ഷം ക്യാമ്പസുകളും ജയിക്കാൻ എസ്എഫ്ഐക്ക് സാധിക്കുന്നത്? എങ്ങനെയാണ് മഹാഭൂരിപക്ഷം വിദ്യാർത്ഥികളും തങ്ങൾക്കൊപ്പമാണെന്ന വ്യാജപ്രതീതി സൃഷ്ടിച്ച് നിലനിർത്താൻ സാധിക്കുന്നത്?

അതിനുള്ള ഒരേയൊരുത്തരമാണ് ഈ യൂണിവേഴ്സിറ്റി കോളേജ് മോഡൽ. സമഗ്രാധിപത്യത്തിന്റെ ഇത്തരം അധോലോക കോട്ടകളാണ് എസ്എഫ്ഐയെ നിലനിർത്തുന്നത്. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടക്കാതെ ഇരുമ്പുമറകൾക്കുള്ളിൽ അവയെ നിലനിർത്തേണ്ടത് മറ്റേതൊരു ഭീകര സംഘടനയേയും പോലെ എസ്എഫ്ഐയുടെ ആവശ്യമാണ്.”

നല്ല എസ്എഫ്ഐയും ചീത്ത എസ്എഫ്ഐയും എന്ന വേർതിരിവിൽ യാതൊരു അർത്ഥവുമില്ലെന്ന് എത്രയോ തവണ പറഞ്ഞത് വീണ്ടുമൊരിക്കൽക്കൂടി…

Posted by VT Balram on Friday, November 29, 2019