ബിയർ ഫ്രീയായി കൊടുത്തില്ല: ബാറിലെ വെയിറ്ററെ വാക്കത്തി കൊണ്ട് വെട്ടി

single-img
30 November 2019

തൃശൂർ: ബിയർ സൗജന്യമായി കൊടുക്കാൻ വിസ്സമ്മതിച്ചതിന് ബാർ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കഴുത്തിനു താഴെ ഇടതു തോളിനോടു ചേർന്നു വെട്ടേറ്റ നിലയിൽ പാലക്കാട് വടക്കഞ്ചേരി സ്വദേശി ലൗസിനെ (50) സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെയാണ് സംഭവം. ആക്രമണം നടത്തിയ വില്ലടം സ്വദേശി രാജീവിനെ (തക്കാളി രാജീവ്) വിയ്യൂർ പൊലീസ് പിടികൂടി. മുൻപു പലവട്ടം ബാറുകളിലും മറ്റും ആക്രമണം നടത്തിയതിന്റെ പേരിൽ പൊലീസ് പിടിയിലായിട്ടുള്ളയാളാണ് രാജീവ്.

ബുധനാഴ്ച ഉച്ചയ്ക്ക് നഗരത്തിലെ ബാറിലെത്തിയ ഇയാൾ ജീവനക്കാരുമായി സംഘർഷമുണ്ടാക്കിയിരുന്നു. ബീയർ സൗജന്യമായി നൽകണമെന്ന ആവശ്യത്തിൽ നിന്നായിരുന്നു ബഹളത്തിന്റെ തുടക്കം. ജീവനക്കാർ ആവശ്യം നിരസിച്ചതോടെ ഇയാൾ സമീപത്തുണ്ടായിരുന്ന മറ്റുള്ളവരോടും തട്ടിക്കയറി. ഇതോടെ ജീവനക്കാരുമായി സംഘർഷാവസ്ഥയായി.

ഇന്നലെ ഉച്ചയോടെ ബാറിലേക്കു വീണ്ടുമെത്തിയ ഇയാൾ മദ്യപിച്ച ശേഷം ലൗസിനെ വാക്കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. ബാർ ജീവനക്കാർ അറിയിച്ചതനുസരിച്ച് വിയ്യൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെട്ടേറ്റ ലൌസിന് ഒൻപത് തുന്നലുണ്ട്.