കൊടുങ്ങല്ലൂരിൽ കള്ളനോട്ടടിച്ച ബിജെപി പ്രവർത്തകനെ ന്യായീകരിച്ച് മുൻ ഡിജിപി സെൻകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
30 November 2019

കള്ളനോട്ടടിച്ചതിന് പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശിയായ ബിജെപി പ്രവർത്തകനെ ന്യായീകരിച്ച് മുൻ ഡിജിപി സെൻകുമാർ. കൊടുങ്ങല്ലൂരില്‍ ഏതോ ‘കടുക് മണി’ ഫോട്ടോസ്റ്റാറ്റ് എടുത്ത് കള്ള നോട്ടാക്കിയത് ഒരു വിഭാഗം ആളുകള്‍ വലുതാക്കി കാണിക്കുകയാണെന്നായിരുന്നു സെൻകുമാറിന്റെ ന്യായീകരണം.

ആനകൾക്ക് കയറാവുന്ന കണ്ടെയ്‌നറുകൾ വഴി പാകിസ്ഥാനിൽ അടിച്ച കള്ളനോട്ടുകൾ ഇറക്കിയതിനെക്കുറിച്ചു ഒന്നും പറയാനില്ല !!
കൊടുങ്ങല്ലൂരിൽ ഏതോ കടുക്മണി ഫോട്ടോസ്റ്റാറ്റ് എടുത്ത് കള്ള നോട്ടാക്കിയതാണ് ഈ മാക്രികൾക്ക് വലുത്!

ആന ചോരുന്നത് കാണില്ല… കടുക് ചോരുന്നതാണ് കാണുക.

എന്നായിരുന്നു സെൻകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ആനകൾക്ക് കയറാവുന്ന കണ്ടെയ്‌നറുകൾ വഴി പാകിസ്ഥാനിൽ അടിച്ച കള്ളനോട്ടുകൾ ഇറക്കിയതിനെക്കുറിച്ചു ഒന്നും പറയാനില്ല…

Posted by Dr TP Senkumar on Saturday, November 30, 2019

ബിജെപിയുടെ മുന്‍ പ്രാദേശിക നേതാവായിരുന്ന രാകേഷ് വ്യാഴാഴ്ച്ച കള്ളനോട്ട് കേസില്‍ അറസ്റ്റിലായിരുന്നു. തുടർച്ചയായി മൂന്നാമത്തെ പ്രാവശ്യമാണ് ഇയാൾ കള്ളനോട്ട് കേസിൽ പിടിയിലാകുന്നത്.

40 ലക്ഷത്തിന്റെ വ്യാജകറന്‍സി വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാകേഷിനെ പിടികൂടിയത്.