മാമാങ്കത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 12ന് • ഇ വാർത്ത | evartha Mamangam sensoring finished; Movie to be released on December 12
Entertainment, Movies

മാമാങ്കത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 12ന്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാമാങ്കം ഡിസംബര്‍ 12നു പ്രദര്‍ശനത്തിനെത്തും.

പത്തുകോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച പടുകൂറ്റന്‍ സെറ്റ് വിഡിയോയില്‍ കാണാം. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നുമാസംകൊണ്ട് നിര്‍മിച്ച കൂറ്റന്‍ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്.

300 വര്‍ഷം മുന്‍പത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍ തുടങ്ങിയവയും ടണ്‍കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനില്‍ക്കുന്ന അവസാനപാദ ചിത്രീകരണം പൂര്‍ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തില്‍ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്.