ഒരു ലിറ്റര്‍ പാലില്‍ ചൂടുവെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും;യുപിയിലെ ഉച്ചഭക്ഷണ വെട്ടിപ്പ്

single-img
29 November 2019

ലഖ്നൗ:യുപി സര്‍ക്കാരിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതിയില്‍ വന്‍ വെട്ടിപ്പ്. ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് വിതരണം ചെയ്തത് 81 വിദ്യാര്‍ത്ഥികള്‍ക്കാണെന്ന് റിപ്പോര്‍ട്ട്. സോന്‍ഭദ്ര ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ കൊടുംകൊള്ള നടത്തിയിരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഇവിടെയാണ് സ്‌കൂളിലെ പാചകക്കാരി ഒരു ലിറ്റര്‍ പാലില്‍ തിളച്ചവെള്ളം ഒഴിച്ച് കലക്കി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത്.

എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗ്രാമപഞ്ചായത്ത് അംഗമാണ് ഈ വെട്ടിപ്പിന്റെ വീഡിയോ ചിത്രങ്ങള്‍ ചിത്രീകരിച്ചത്. പാലിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ ഗ്ലാസിലാണ് പാല്‍ വെള്ളം വിതരണം ചെയ്യുന്നത്. 171 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഒരു ലിറ്റര്‍ പാലില്‍ ആയിരംമടങ്ങ് വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം ഉപ്പ് നല്‍കിയ സംഭവം പുറത്തുവന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഗുരുതര വെട്ടിപ്പും പുറത്തുവന്നിരിക്കുന്നത്.വിവാദമായതോടെ സംഭവം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.