മുത്തൂറ്റിന് പിന്നാലെ ഫെഡറൽ ബാങ്ക് ജീവനക്കാരും സമരത്തിലേയ്ക്ക്: കടുത്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാൻ സാധ്യത

single-img
29 November 2019

ഫെഡറൽ ബാങ്ക് ജീവനക്കാർ സമരത്തിലേയ്ക്ക്. ജീവനക്കാരുടെ സംഘടനയായ ഫെഡറൽ ബാങ്ക് എമ്പ്ലോയീസ് യൂണിയൻ ആണ് സമരത്തിലേയ്ക്ക് നീങ്ങുന്നത്.

സാധാരണ ഉണ്ടാകാറുള്ളതുപോലെ ശമ്പളവർദ്ധനവിനായല്ല ജീവനക്കാർ സമരം ചെയ്യുന്നത്. സാധാരണക്കാരെ ബാങ്കിൽ നിന്നകറ്റുന്ന തരത്തിലുള്ള സർവ്വീസ് ചാർജ് കൊള്ളകൾ അടക്കമുള്ള ബാങ്കിന്റെ നയങ്ങൾക്കെതിരായാണ് ജീവനക്കാർ സമരം ചെയ്യുന്നത്.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സംഘടനാ നേതാക്കൾക്കെതിരായി ബാങ്ക് സ്വീകരിക്കുന്ന പ്രതികാര നടപടികളും ജീവനക്കാർ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുന്നതിന്റെ പ്രധാന കാരണമാണ്.

  • ജനകീയ ബാങ്കിംഗ് നിലനിർത്തുക
  • സാധാരണക്കാരെ ബാങ്കിൽ നിന്നകറ്റുന്ന ഉയർന്ന മിനിമം ബാലൻസും ഭീമമായ സർവ്വീസ് ചാർജുകളും പിൻവലിക്കുക
  • ബാങ്കിന്റെ ബിസിനസ് നയങ്ങളിലെ അപാകതകൾ പരിഹരിക്കുക.
  • ട്രേഡ് യൂണിയൻ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കുക
  • ഒപ്പ് വെച്ച കരാറുകൾ പാലിക്കുക

എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ സമരം ചെയ്യുന്നത്.

സാധാരണക്കാർക്ക് ചെറിയ വായ്പകൾ നൽകി സ്വാഭാവിക വളർച്ച നേടുന്നതിൽ വിജയം കൈവരിച്ച ചരിത്രമാണ് ഫെഡറൽ ബാങ്കിനുള്ളത്. ഈ നയത്തിൽ നിന്നും മാറി വൻകിട കുത്തകമുതലാളിമാർക്ക് വൻതുകകൾ വായ്പ നൽകുന്ന നയം സ്വീകരിച്ചത് കിട്ടാക്കടങ്ങൾ വർദ്ധിക്കുന്നതിനും അതുവഴി ബാങ്കിന്റെ തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.

കഴിഞ്ഞ മൂന്നരവർഷമായി ബാങ്കിന്റെ കോർപ്പറേറ്റ് വായ്പാ വിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന എക്സിക്യൂട്ടിവ് ഡയറക്ടർ ബാങ്കിന്റെ കോർപ്പറേറ്റ് വായ്പകൾ 16600 കോടിരൂപയിൽ നിന്നും 55500 കോടിരൂപയാക്കി (മൂന്നിരട്ടിയിലധികം) വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രസ്തുത ഉദ്യോഗസ്ഥൻ ഈയടുത്ത് രാജിവെച്ച് ആക്സിസ് ബാങ്കിലേയ്ക്ക് പോകുകയും ചെയ്തു.

ഇത്തരത്തിൽ ബാങ്കിന്റെ തകർച്ചയ്ക്ക് തന്നെ കാരണമായേക്കാവുന്ന നടപടികളെയും നയങ്ങളെയും ചോദ്യം ചെയ്യുന്ന ജീവനക്കാർക്ക് നേരെ കടുത്ത പ്രതികാര നടപടികളാണ് ബാങ്ക് സ്വീകരിക്കുന്നതെന്നും ആരോപണങ്ങളുണ്ട്. യൂണിയന്റെ സെക്രട്ടറിയെത്തന്നെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ ഉൾപ്രദേശത്തേയ്ക്ക് സ്ഥലം മാറ്റിയതാണ് ഏറ്റവും പുതിയ ഉദാഹരണം.

ബാങ്കിന്റെ നിലനിൽപ്പിനും ഉപഭോക്താക്കളുടെ അവകാശങ്ങൾക്കും ട്രേഡ് യൂണിയൻ പ്രവർത്തന സ്വാതന്ത്ര്യത്തിനുമായി നടത്തുന്ന സമരത്തിൽ നിന്നും പിന്മാറുകയില്ലെന്ന് ജീവനക്കാർ പറയുന്നു. വരും ദിവസങ്ങളിൽ കടുത്ത പ്രക്ഷോഭത്തിലേയ്ക്ക് ജീവനക്കാർ നീങ്ങുമെന്നാണ് സൂചന.