ദിലീപിന് തിരിച്ചടി: ദൃശ്യങ്ങൾ കൈമാറാനാകില്ലെന്ന് സുപ്രീം കോടതി

single-img
29 November 2019

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതിയായ ദിലീപിന് കൈമാറാനാകില്ലെന്ന് സുപ്രീം കോടതി. ആവശ്യമെങ്കിൽ ദൃശ്യങ്ങൾ ദിലീപിനും അഭിഭാഷകനും കാണാനുള്ള അവസരമുണ്ടാക്കാമെന്നും കോടതി. കേസിന്റെ വിചാരണ വൈകിക്കാനുള്ള നീക്കങ്ങളിൽ ദിലീപിന് ലഭിച്ച തിരിച്ചടിയായാണ് നിയമവിദഗ്ദർ ഈ വിധിയെ വിലയിരുത്തുന്നത്.

ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് ദൃശ്യങ്ങൾ നൽകാത്തതെന്നും കോടതി പറഞ്ഞു. ദൃശ്യങ്ങൾ പ്രതിയെ കാണിക്കുന്നതിന് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വന്നതോടെ പ്രോസിക്യൂഷന് വിചാരണ നടപടികള്‍ തുടങ്ങാനാകും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

ദൃശ്യങ്ങൾ തെളിവുകളുടെ കൂട്ടത്തിൽ വരുന്നവയായതിനാൽ അത് ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ മുകുൾ രൊഹാത്ഗി വാദിച്ചത്. എന്നാൽ പ്രതിയെന്ന നിലയിൽ ദിലീപിനുള്ള അവകാശത്തേക്കാൾ വലുതാണ് ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെന്ന് ജസ്റ്റിസുമാരായ ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.