പ്രണയലേഖനമെഴുതിയെന്നാരോപിച്ച് പ്രൈമറി ക്ലാസ് വിദ്യാർഥികളെ ബെഞ്ചിൽ കെട്ടിയിട്ടു

single-img
29 November 2019

പ്രണയലേഖനമെഴുതിയെന്നാരോപിച്ച് പ്രൈമറി ക്ലാസ് വിദ്യാർഥികളെ ക്ലാസിലെ ബെഞ്ചിൽ കെട്ടിയിട്ടത് വിവാദമാകുന്നു. ആന്ധ്രാ പ്രദേശിലെ അനന്ത്പൂർ ജില്ലയിലെ കദിരി പട്ടണത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം.

മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർഥികളെ ബെഞ്ചിൽ കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. കുട്ടികളുടെ കയ്യുൽ കാലും ചേർത്ത് ബെഞ്ചിന്റെ കാലിൽ കയറുകൊണ്ട് വരിഞ്ഞുകെട്ടിയിരിക്കുന്ന നിലയിലാണ് ദൃശ്യങ്ങൾ.

ഇതിൽ ഒരു കുട്ടി ആർക്കോ പ്രണയലേഖനമെഴുതിയതിനും മറ്റേ കുട്ടി സഹപാഠികളുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോയതിനുമാണ് ഇവരെ ശിക്ഷിച്ചതെന്ന് സ്കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികൾക്ക് നേരെ ഇത്തരം ക്രൂരമായ ശിക്ഷാനടപടികൾ നടപ്പാക്കിയതിനുത്തരവാദികളായ അധ്യാപകർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും സാമൂഹ്യപ്രവർത്തകൻ അച്യുത റാവു ആവശ്യപ്പെട്ടു. ലളിതമായി പറയുകയാണെങ്കിൽ ലീവ് ലെറ്റർ മാത്രമെഴുതാൻ പ്രാപ്തിയുള്ള ഒരു വിദ്യാർഥി ലവ് ലെറ്റർ എഴുതുകയാണെങ്കിൽ അത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികളെ ബെഞ്ചിൽ കെട്ടിയിട്ടത് അവരുടെ അമ്മയാണെന്നാണ് പ്രധാനാധ്യാപിക പറയുന്നത്. എന്നാൽ ഇത്തരമൊരു നടപടിയ്ക്ക് സ്കൂൾ പരിസരത്ത് അനുമതി നൽകിയതിൽ വലിയ വീഴ്ചയുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു.