5 വര്‍ഷത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് 55 പേര്‍;മരണം കൂടുതല്‍ വടക്കന്‍ കേരളത്തില്‍

single-img
28 November 2019

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പാമ്പ് വിഷബാധയേറ്റ് മരിച്ചത് 55 പേരെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ നിന്ന് ലഭിച്ച കണക്കുകള്‍ അനുസരിച്ച് 24186 പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഈ വര്‍ഷം സെപ്തംബര്‍ വരെ കേരളത്തില്‍ ഏഴ് മരണങ്ങളുണ്ടായിട്ടുണ്ട്. 4086 പാമ്പ് കടിയേറ്റ സംഭവങ്ങളും ഉണ്ടായി.

ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 1125 പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. കണ്ണൂര്‍ 695 പേര്‍,പാലക്കാട് 639 പേര്‍ക്കും വിഷബാധയേറ്റു. എന്നാല്‍ പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ ഓരോ വര്‍ഷവും കുറയുന്നുവെന്ന ആശ്വാസ റിപ്പോര്‍ട്ടുകള്‍ വരുന്നു.. 2015ല്‍ 20 പേര്‍ മരണപ്പെട്ടപ്പോള്‍ 2016 ല്‍ 12 പേര്‍ക്കുമാണ് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് വടക്കന്‍ കേരളത്തിലാണ് ഇത്തരം സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമായും അണലിയുടെ സാന്നിധ്യമാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം. ഫലപ്രദമായ പ്രതിവിഷം ഇല്ലാത്തതും ദുരിതമാകുന്നു.