ശുചീകരണ തൊഴിലാളികളുടെ ഒഴിവ്; അപേക്ഷകരിൽ കൂടുതലും എഞ്ചിനിയര്‍മാരും ബിരുദധാരികളും

single-img
28 November 2019

കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അതിലെ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ചതിൽ കൂടുതലും എഞ്ചിനിയര്‍മാരും ബിരുദധാരികളും നൽകിയ അപേക്ഷകൾ. ഇതിന് പുറമെ ഡിപ്ലോമയുള്ളവരടക്കം ആകെയുള്ള 549 ഒഴിവുകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ട്.

കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികള്‍ ഗ്രേ‍ഡ് വണ്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ ദിവസം അഭിമുഖത്തിന് എത്തിയവരില്‍ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്എസ്എല്‍സി പൂര്‍ത്തീകരിച്ചവരാണ്. അവയിൽ എഞ്ചിനിയര്‍മാരും ബിരുദാനന്തര ബിരുദമുള്ളവരും ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതര്‍ അറിയിച്ചു.

അപേക്ഷകരിൽ ചിലര്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. എന്നാൽ 15,700 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലിയാണ് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സ്ഥിരജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്.

ഇതിൽ തന്നെ ബിരുദമുള്ള നിരവധി പേര്‍ അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളില്‍ 6000-7000 മാസ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്.ഒരുദിവസം 12 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വര്‍ധനവോ ജോലി സുരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ല. കോര്‍പ്പറേഷനിലാവട്ടെ ശുചീകരണ തൊഴിലാളികള്‍ക്ക് രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി ചെയ്യേണ്ടത്.