വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു

single-img
28 November 2019

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ കടക്കൽ സ്വശേദി സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രികന് നേർക്ക് ലാത്തിയെറിഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു. ഇതോടൊപ്പം വാഹന പരിശോധനയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്നും റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു. അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു.

ബൈക്ക് യാത്രയിൽ ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് സംഭവം നടന്നത്. വാഹനങ്ങളുടെ ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നുെം സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നതാണ്.