അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

single-img
28 November 2019

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു.

കോടതിയില്‍ മജിസ്ട്രേറ്റ് ദീപാ മോഹനെ തടയാന്‍ അഭിഭാഷകര്‍ശ്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡിഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. കേസ് നാളെ കോടതി പരിഗണിക്കും.

തേസമയം തന്നെ വിഷയത്തില്‍ അഭിഭാഷകര്‍ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാത്ത വകുപ്പു പ്രകാരമാണ് അഭിഭാഷകര്‍ക്കെതിരെ കേസ് . സംഭവത്തില്‍ ഉള്‍പ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി, കണ്ടാലറിയാവുന്ന 10 അഭിഭാഷകർ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത മജിസ്ട്രേറ്റിനെ കോടതിയില്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. മജിസ്ട്രേറ്റ് ഇതുസംബന്ധിച്ച് സിജെ എമ്മിന് നൽകിയ പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ്‌ കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ബസ് അപകടവുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തത്.