ആ കറകഴുകി കളയുമോ?സെക്യുലറിസം’ ഉറപ്പ് നല്‍കി ശിവസേന സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി

single-img
28 November 2019

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ അധികാരമുറപ്പിച്ചിരിക്കുകയാണ് ശിവസേന സഖ്യത്തിലുള്ള സര്‍ക്കാര്‍. കോണ്‍ഗ്രസ് ,എന്‍സിപി പിന്തുണയോടുകൂടി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയും ഉദ്ധവ് ഠാക്കറെയുടെ നേതൃത്വത്തില്‍ തയ്യാറായി. മതേതരത്വത്തിന് സ്ഥാനമില്ലാത്ത രാഷ്ട്രീയഅജണ്ടകളുള്ള ശിവസേന പക്ഷെ, തങ്ങളുടെ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍’സെക്യുലറിസം’ ഊന്നി പറഞ്ഞിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഭരണഘടന അനുശാസിക്കുന്നതു പ്രകാരമുള്ള മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ആമുഖത്തില്‍ തന്നെ പറയുന്നു.തീവ്രഹിന്ദുത്വ നിലപാടില്‍ നിന്ന് അയയുന്ന സൂചനകളാണ് ശിവസേന സര്‍ക്കാര്‍ ആദ്യം തന്നെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് അനുമാനിക്കാം.

കോണ്‍ഗ്രസിന്റെ നിര്‍ബന്ധപ്രകാരമാണ് മതേതരത്വം പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ധവ് ഠാക്കറെ അനുവാദം നല്‍കിയത്. നേരത്തെ തന്നെ മതേതരത്വത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ‘അത് ഭരണഘടനയുടെ ആമുഖത്തില്‍ ഉണ്ടെന്നും ശിവസേന ഭരണഘടനയെ പിന്തുടരുന്നുവെന്നും അഭിപ്രായപ്പെട്ടു. ‘മതത്തിന് മുകളിലായി എല്ലാ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. എല്ലാ സമുദായങ്ങളെയും ഒന്നിച്ച് അണിചേര്‍ത്താണ് ശിവജി തന്റെ സാമ്രാജ്യം ഭരിച്ചത്’ എന്നും വ്യക്തമാക്കിയിരുന്നു.. എല്ലാ മതസ്ഥരെയും ഒരുപോലെ അണിനിരത്തി സര്‍ക്കാര്‍ എന്ന നിലയില്‍ മുമ്പോട്ട് പോകാനാണ് ശിവസേന സഖ്യസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് ഈ സൂചനകളില്‍ നിന്ന് വ്യക്തമാവുന്നത്. കൂടാതെ മഹാരാഷ്ട്ര ത്രികക്ഷി സഖ്യ സര്‍ക്കാരിന്’മഹാശിവ് അഘാഡി’ എന്ന നാമമായിരുന്നു ശിവസേന നല്‍കിയിരുന്നത്. കോണ്‍ഗ്രസിന്റെ നിര്‍ബന്ധം കണക്കിലെടുത്ത് മഹാവികാസ് അഘാഡി എന്ന മതേതര നാമമാക്കി മാറ്റുകയായിരുന്നു.