കേടായ വാഹനത്തിന്റെ ടയര്‍ നന്നാക്കി കൊടുക്കാമെന്ന് വാഗ്ദാനം; 26 വയസുള്ള വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു

single-img
28 November 2019

തെലങ്കാനയിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ അജ്ഞാതർ കൊലപ്പെടുത്തി കത്തിച്ചു. ഷാദ്ർനഗര്‍ സ്വദേശിനിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവിടെ ഒരു പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.

കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലായിരുന്നു പ്രിയങ്ക ജോലി ചെയ്തിരുന്നത്. ജോലിക്ക് ശേഷം ഇവിടെ നിന്നും തിരിച്ചുപോരവെ ഷാദ്‍നഗറില്‍ വെച്ച് പ്രിയങ്കയുടെ ടൂ വീലറിന്റെറെ ടയര്‍ പഞ്ചറായിരുന്നു. ഇത് നന്നാക്കി കൊടുക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. പ്രിയങ്ക തന്റെ സഹോദരിയായ ഭവ്യക്ക് ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഈ സമയം അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഫോണിലൂടെ പറഞ്ഞിരുന്നു. അല്പം കൂടി പോയാണ് പോയാല്‍ ഒരു ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരിപറയുകയും ചെയ്തു. പക്ഷെ കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി.

പ്രിയങ്ക സാധാരണയായി വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്തുകയും ചെയ്തില്ല. ഇതിനെ തുടർന്ന്
പിറ്റേ ദിവസം നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.ഇവർ കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് പ്രിയങ്കതന്നെയെന്ന് കുടുംബം സ്ഥിരീകരിച്ചത്.

നിലവിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിനൊപ്പം പ്രിയങ്കയുടെ വാഹനവും കാണാതായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചു.