എയര്‍ഇന്ത്യ വില്‍ക്കാന്‍ നിര്‍മലാ സീതാരാമന് അതിര് കവിഞ്ഞ താല്‍പ്പര്യം; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

single-img
27 November 2019

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്രധനകാര്യമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി ബിജെപിയുടെ രാജ്യസഭാ അംഗമായ സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ നിര്‍മലാ സീതാരാമന് അതിര് കവിഞ്ഞ താല്‍പ്പര്യമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ ക്രൂപ്പേഴ്സ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്രധനകാര്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന ഗുരുതരമായ ആരോപണവും അദേഹം ഉയര്‍ത്തുന്നു.ലണ്ടനില്‍ ജീവിക്കുന്ന കാലത്ത് നിര്‍മലാ സീതാരാമന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സെന്നും അദേഹം ആരോപിച്ചു.

എയര്‍ഇന്ത്യാ,ബിപിസിഎല്‍ തുടങ്ങിയ പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുമെന്ന് അടുത്തിടെയാണ് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. നിലവില്‍ വന്‍ കടബാധ്യതയുള്ള കമ്പനിയാണ് എയര്‍ഇന്ത്യ. നേരത്തെ കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും കടബാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിലവില്‍ 55000 കോടിയുടെ കടബാധ്യതയുള്ള കമ്പനിയാണിത്.