ബിജെപിയുടെ സ്വപ്നപദ്ധതികള്‍ക്ക് തടയിട്ട് ശിവസേനാ സഖ്യ സര്‍ക്കാര്‍; ബുള്ളറ്റ് ട്രെയിന്‍ ,നാനാര്‍ റിഫൈനറി പദ്ധതികള്‍ നടപ്പാക്കില്ല

single-img
27 November 2019

മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും നാനാര്‍ റിഫൈനറി പദ്ധതിയും ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്നുമുള്ള നിലപാട് എടുത്തതായി ശിവസേന എംഎല്‍എ ദീപക് കെ സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ നാനാര്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കും ആരേ കോളനിയില്‍ ഒരുമരം പോലും ഇനി മുറിക്കില്ലെന്നും ശിവസേനവക്താവ് മാനിഷ കയന്‍ഡെയും തുറന്നുപറഞ്ഞു

. രണ്ട് പദ്ധതികളും നിരവധി പേര്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അദേഹം വ്യക്തമാക്കി. ബിജെപി മുന്‍കൈ എടുത്ത് തീരുമാനിച്ച പദ്ധതികള്‍ ഉപേക്ഷിക്കാനുള്ള ആലോചനയാണ് ശിവസേനയുടേത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി ഉടലെടുത്ത പ്രശ്നങ്ങളുടെ ബാക്കിപത്രമായിരിക്കും ഈ നിലപാടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2017ലാണ് പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ഒന്നിച്ച് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിടുന്നത്.88000 കോടിരൂപയാണ് ഇതിനായി ജപ്പാന്‍ വായ്പ അനുവദിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷം കൂടി മാത്രമേ കാലവധിയുള്ളൂ എന്നിരിക്കെയാണ് ശിവസേന സഖം പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്.