മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം; ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

single-img
27 November 2019

മമ്മൂട്ടി നായകനായി എം പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമായ ‘മാമാങ്കം’ സിനിമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ള ഉൾപ്പെടെയുള്ളവർക്കെതിരെ വിതുര പോലീസാണ് കേസെടുത്തത്.

സോഷ്യൽ മീഡിയയിലൂടെ സിനിമയ്‌ക്കെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന രീതിയിലുള്ള പ്രചരണമാണ് നടക്കുന്നതെന്നുംകാണിച്ചുകൊണ്ട് സിനിമയുടെ നിര്‍മ്മാണക്കമ്പനി നല്‍കിയ പരാതിയിലാണ് കേസ്.

പ്രധാനമായും ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പോലീസ് അന്വേഷിക്കേണ്ടതുണ്ട്. ചരിത്രം അടിസ്ഥാനമാക്കിയുള്ള പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുള്ളത്. – പരാതിയിൽ പറയുന്നു.

വ്യാജ പ്രചാരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. ചിത്രം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിള്ള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.