കാര്‍ട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരം; അഭിമാനത്തോടെ ഐഎസ്ആര്‍ഒ

single-img
27 November 2019

ബംഗളൂരു: കാര്‍ട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ. ഐ.എസ്.ആര്‍.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി.സി-47 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 17മിനിട്ട് നാല് സെക്കന്റില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

1625കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാര്‍ട്ടോസാറ്റിന്റെ ദൗത്യം. ഭൂമിയില്‍ നിന്ന് 509 കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തിലാണ് കാര്‍ട്ടോസാറ്റ് ഭൂമിയെ ചുറ്റുക.

ഇതോടൊപ്പം അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ പ്‌ളാനറ്റിന്റെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ജൂലായ് 22ന് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ. എസ്. ആര്‍.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഈ വര്‍ഷത്തെ ഐ. എസ്ആര്‍.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്.