ഐഐടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഫാത്തിമയുടെ ഫോണ്‍ ഇന്ന് അന്വേഷണസംഘം പരിശോധിക്കും

single-img
27 November 2019

ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവെടുപ്പിനൊരുങ്ങി അന്വേഷണ സംഘം. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ഇന്ന് പരിശോധിക്കും. ഫാത്തിമയുടെ കുടംബത്തിന്റെ സാന്നിധ്യത്തിലായിരിക്കും ഫോണ്‍ പരിശോധിക്കുക.മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭനെന്ന അധ്യാപകനാണെന്ന ആത്മഹത്യ കുറിപ്പാണ് ഫോണിലുള്ളത്. ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ്ലറ്റും അന്വേഷണസംഘത്തിന് കൈമാറും. കൂടുതല്‍ തെളിവുകള്‍ ഇതിലുമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.

ഫോണ്‍ പരിശോധിക്കാന്‍ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറന്‍സിക് വകുപ്പിന്റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു.അതേസമയം കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കാനും ശ്രമിക്കുന്നുണ്ട്.കേസില്‍ ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.