ഏഴുവര്‍ഷം പ്രണയിച്ച യുവാവിനൊപ്പം ഭാര്യയെ പറഞ്ഞയച്ച് ഭര്‍ത്താവ്

single-img
27 November 2019

ഭോപ്പാല്‍ : ഭാര്യയെ കാമുകനോടൊപ്പം പോകാന്‍ അനുവദിച്ച് ഭര്‍ത്താവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് ഏഴുവര്‍ഷം പ്രണയിച്ച ആളിനൊപ്പം ഭാര്യയെ വിട്ടയച്ചത്. ഭോപ്പാല്‍ സ്വദേശിയായ യുവാവ് വിവാഹമോചനം തേടി കുടുംബ കോടതിയിലെത്തിയതോടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്.

ഭാര്യയുമൊത്ത് സന്തുഷ്ടരായി കഴിഞ്ഞു പോകവെയാണ് പഴയ കാമുകന്‍ വില്ലനായത്.പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. എന്നാല്‍ കാമുകന്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെയോര്‍ത്ത് ദുഃഖിച്ച് കഴിയുകയാണെന്നും അറിഞ്ഞതോടെ യുവതി സങ്കടത്തിലായി.

കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയോട് പലതവണ സംസാരിച്ചിട്ടും ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കാമുകനൊപ്പം പുതിയ ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചു.

കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് നല്‍കുന്നതായി കോടതി ഉത്തരവിട്ടിട്ടുണ്ട്. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കി.