ഗോഡ്സെ രാജ്യസ്നേഹി; ലോക്സഭയില്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍

single-img
27 November 2019

ഗാന്ധിയുടെ ഘാതകൻ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന തന്റെ നിലപാട് ലോക്സഭയിൽ ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലോക്സഭയില്‍ എസ്പിജി സുരക്ഷയുമായി ബന്ധപ്പെട്ട ബില്ലിന്‍റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം.ഗോഡ്സെ എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച്, ഡിഎംകെ എംപി എ രാജ ഗോഡ്സെയുടെ വാക്കുകള്‍ ഉദ്ധരിക്കവേയാണ് പ്രഗ്യ ഇടപെട്ട് വിവാദ നിലപാട് ആവര്‍ത്തിച്ചത്.

ഗോഡ്സെ ഗാന്ധിജിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‍സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പറഞ്ഞിരുന്നു. സഭയില്‍ പ്രഗ്യയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി.

പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങള്‍ ശ്രമിച്ചത്. മലേഗാവില്‍ നടന്ന സ്ഫോടനക്കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനെ പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ബിജെപി നാമനിര്‍ദ്ദേശം ചെയ്തതും വിവാദമായിരുന്നു.