കുരുമുളക് സ്‌പ്രേ പ്രയോഗം ക്രിമിനല്‍ കുറ്റം; കേരളത്തെ കലാപഭൂമിയാക്കാൻ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു: തരൂർ

single-img
26 November 2019

ശബരിമലയിൽ ദർശനം നടത്താൻ എത്തിയ ബിന്ദു അമ്മിണിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍ എംപി. ബിന്ദു അമ്മിണിയ്ക്ക് നേരെ ചില അക്രമികൾ നടത്തിയ കുരുമുളക് സ്‌പ്രേ പ്രയോഗം ക്രിമിനല്‍ കുറ്റമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ അവരുടെ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുന്നു.

കേരളത്തെ കലാപഭൂമിയാക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ മലിനപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ശബരിമല ദർശനത്തിനായി എത്തിയ ബിന്ദുഅമ്മിണിയെ ഇന്ന് രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടി സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

ഈ സമയം പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. സംഭവത്തിന്റെ പിന്നാലെ മുളക് പൊടിയെറിഞ്ഞ വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബിന്ദുഅമ്മിണിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.