ഇനി വരുന്ന സർക്കാരിന് ആശംസകൾ; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്‌നവിസ്

single-img
26 November 2019

നാടകീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മഹാരാഷ്ട്രയിൽ അവസാനമായി 80 മണിക്കൂർ നീണ്ട ഭരണത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. രാജിക്ക് ശേഷം മുംബൈയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ശിവസേനയെ കടുത്ത ഭാഷയിൽ വിമർശിച്ച ഫഡ്‌നവിസ്, ബിജെപിയെ മാറ്റിനിർത്തുകയാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയെന്ന് വിമർശിച്ചു.

തെരഞ്ഞെടുപ്പില്‍ ജനങ്ങൾ ബി ജെ പി ക്ക് അനുകൂലമായ വിധി തന്നു, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി യെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി. സഖ്യത്തില്‍ കൊടുക്കാമെന്ന് പറഞ്ഞതെല്ലാം ഞങ്ങൾ നൽകുമായിരുന്നു. എന്നാല്‍ ഒരിക്കലും വാക്ക് നൽകാത്ത കാര്യത്തിനായി ശിവസേന വിലപേശിയെന്നും അതാണ് സഖ്യം തകരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാർ രാജി വച്ചെന്ന് പ്രഖ്യാപിച്ച ഫഡ്‌നവിസ്, താനും രാജിവയ്ക്കുകയാണെന്ന്പറയുകയായിരുന്നു. സഖ്യത്തിലൂടെ അല്ലാതെ മഹാരാഷ്ട്രയില്‍ ആർക്കും നിലവിൽ സർക്കാരുണ്ടാക്കാനാവില്ല. ശിവസേന തയാറാകാത്തതിനാൽ മറ്റ് വഴി തേടുകയായിരുന്നു. സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കാന്‍ കഴിയുന്ന സർക്കാരല്ല മഹാരാഷ്ട്രയിൽ ഇനി അധികാരത്തിലെത്തുകയെന്നും ആശയ വ്യത്യാസമുള്ള മൂന്ന് പാർട്ടികളാണ് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടി ഇനി വരുന്ന സർക്കാരിന് ആശംസകളെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്ക് ഭൂരിപക്ഷം ഇല്ലെന്നും സമ്മതിച്ചു.

ബിജെപി കുതിരക്കച്ചവടം നടത്താനില്ലെന്നും അതിനാലാണ് രാജിയെന്നും ഫഡ്‌നവിസ് പറഞ്ഞു. ശിവസേന എന്ന പാര്‍ട്ടി അധികാരക്കൊതി മൂത്താണ് സോണിയയുമായി സഹകരിക്കുന്നതെന്നും ഫഡ്‌നവിസ് കുറ്റപ്പെടുത്തി.
തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്ന ഹിന്ദുത്വ ആശയത്തെ ശിവസേന, സോണിയയുടെ കാൽക്കൽ വച്ചെന്ന് വിമർശിച്ച ഫഡ്‌നവിസ് തങ്ങൾ ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് വശങ്ങളിലേക്ക് സഞ്ചരിക്കുന്ന ചക്രങ്ങളുള്ള മുച്ചക്ര വാഹനം പോലെയാവും ത്രികക്ഷി സർക്കാരെന്നും ഫഡ്‌നവിസിന്റെ പ്രവചനം. അതേസമയം അഞ്ചു വർഷത്തെ ഭരണകാലത്ത് സഹായിച്ചതിന് മോദിയ്ക്കും അമിത് ഷായ്ക്കും മന്ത്രിമാർക്കും നന്ദി പറഞ്ഞാണ് ഫഡ്‌നവിസ് അവസാനിപ്പിച്ചത്.