ഭരണഘടന വിശുദ്ധഗ്രന്ഥവും വഴികാട്ടിയും: പ്രധാനമന്ത്രി

single-img
26 November 2019

ഭരണഘടന എന്നത് രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ആചരിച്ച ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ അന്തസും ഐക്യവുമാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മൂല്യങ്ങള്‍.

ഇപ്പോൾ ജീവിച്ചിരുന്നെങ്കില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറാകുമായിരുന്നു ഇപ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി. ഭരണഘടന അംഗീകരിക്കപ്പെട്ട ശേഷമുള്ള 70 വര്‍ഷംകൊണ്ട് ഇന്ത്യ അതിനെ ബലപ്പെടുത്തുകയും മഹത്വവത്കരിക്കുകയും ചെയ്‌തെന്നും മോദി പറഞ്ഞു.

നമ്മുടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അനുവദിക്കാതെ കാത്തുസൂക്ഷിച്ച 130 കോടി ഇന്ത്യക്കാരെ നമിക്കുന്നു. തനിക്ക് രാജ്യത്തിന്റെ ഭരണഘടന എന്നത് വിശുദ്ധഗ്രന്ഥവും വഴികാട്ടിയുമാണെന്നും മോദി പ്രസംഗത്തില്‍ പ്രത്യേകം അനുസ്മരിച്ചു.

അതേസമയം പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇവര്‍ പ്രതിഷേധം നടത്തി. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, തൃണമൂല്‍, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ തുടങ്ങി പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.