മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിട്ടത് ചരിത്രത്തിലില്ലാത്ത നാണക്കേട്; എകെ ആന്റണി

single-img
26 November 2019

ദില്ലി: മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാണക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇനിയും അധികം നാണംകെടാന്‍ നില്‍ക്കാതെ ബിജെപി രാജിവെച്ച് പോകുന്നതാണ് നല്ലത്. മോദിക്കും അമിത്ഷായ്ക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത പ്രഹരമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായതെന്നും അദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് ഇനി തിരിച്ചുകയറാനുള്ള ആത്മവിശ്വാസം വര്‍ധിക്കും.ലോക്സഭയില്‍ തുടക്കം കുറിച്ച പ്രക്ഷോഭപരിപാടികളുമായി പാര്‍ട്ടി മുമ്പോട്ട് പോകുമെന്നും അദേഹം അറിയിച്ചു.

നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രയില്‍ അവസാനമായി 80 മണിക്കൂര്‍ നീണ്ട ഭരണത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവച്ചത്. രാജിക്ക് ശേഷം മുംബൈയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ശിവസേനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഫഡ്നവിസ്, ബിജെപിയെ മാറ്റിനിര്‍ത്തുകയാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയെന്ന് വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി ജെ പി ക്ക് അനുകൂലമായ വിധി തന്നു, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി യെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശല്‍ തുടങ്ങി. സഖ്യത്തില്‍ കൊടുക്കാമെന്ന് പറഞ്ഞതെല്ലാം ഞങ്ങള്‍ നല്‍കുമായിരുന്നു. എന്നാല്‍ ഒരിക്കലും വാക്ക് നല്‍കാത്ത കാര്യത്തിനായി ശിവസേന വിലപേശിയെന്നും അതാണ് സഖ്യം തകരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.