ലോകത്തിലെ ഏറ്റവും വലിയ ‘ടിപ്പുവിന്റെ റോക്കറ്റ് മ്യൂസിയം’ തുറന്നു; സംഘപരിവാര്‍ ഭീതിയില്‍ ഉദ്ഘാടനം ഒഴിവാക്കി അധികൃതര്‍

single-img
25 November 2019

മുംബൈ: പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഉരുക്ക് മിസൈലുകളുടെ ഗ്യാലറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഷിമോഗയിലുള്ള ഈ ഗ്യാലറി ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഇല്ലാതെയാണ് തുറന്ന് നല്‍കിയത്. ശിവപ്പ നായക പാലസിലാണ് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്.

ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഉദ്്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയതെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു. പൈതൃകവാരത്തോട് അനുബന്ധിച്ചാണ് മ്യൂസിയം തുറന്നത്. കഴിഞ്ഞ വര്‍ഷം ഹൊസനഗര്‍ താലൂക്കിലെ നാഗര ഗ്രാമത്തില്‍ പഴയകിണറ്റില്‍ നിന്ന് കണ്ടെടുത്ത 1700 റോക്കറ്റുകളുടെ വലിയ ശേഖരവും മ്യൂസിയത്തിലുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ടിപ്പു റോക്കറ്റ് ഗ്യാലറിയാണിത്. സ്ഥലപരിമിതി കാരണം 15 എണ്ണം മാത്രമാണ് ഗ്യാലറിയില്‍ സൂക്ഷിച്ചിട്ടുള്ളത്.

ശിവപ്പ നായക മ്യൂസിയത്തില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന റോക്കറ്റുകളുടെ നീളം 190 മില്ലീമീറ്റര്‍ മുതല്‍ 260 മില്ലിമീറ്റര്‍ വരെയും വ്യാസം 33 മില്ലീമീറ്റര്‍ മുതല്‍ 65 മില്ലീമീറ്റര്‍ വരെയുമാണ്. ഭാരം കുറഞ്ഞ മാതൃകയ്ക്ക് 372 ഗ്രാം ഭാരം, ഏറ്റവും ഉയര്‍ന്നത് 1.75 കിലോഗ്രാം ഭാരം.

ലണ്ടനിലെ വൂള്‍വിച്ച് ആഴ്സണലായ റോയല്‍ ആര്‍ട്ടിലറി മ്യൂസിയത്തില്‍ അത്തരം രണ്ട് റോക്കറ്റുകളുടെ ശേഖരം ഉണ്ട്, മൂന്ന് കഷണങ്ങള്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ മ്യൂസിയത്തിലാണ്. ശിവമോഗയിലെ ഒന്ന് തുറക്കുന്നതുവരെ റോക്കറ്റുകള്‍ക്കായി പ്രത്യേക ഗാലറിയൊന്നും ഉണ്ടായിരുന്നില്ല.
ഇത്രയും പ്രത്യേകതകളുള്ള ടിപ്പുവിന്റെ റോക്കറ്റ് ശേഖരങ്ങളുടെ മ്യൂസിയം സംഘപരിവാര്‍ ഭീതിയെ തുടര്‍ന്നാണ് ഔദ്യോഗിക പരിപാടികളില്ലാതെ തുറന്നതെന്നത് ചര്‍ച്ചയായിട്ടുണ്ട്.