ഷുഹൈബ് വധക്കേസ്; കേരളാ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

single-img
25 November 2019

മട്ടന്നൂരിൽ നടന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയില്‍ കേരളാ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.

വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം മാത്രം സിബിഐ അന്വേഷണമെന്ന ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. മുൻപ് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്താണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്.

അതുപോലെ തന്നെ കേസിൽ യുഎപി.എ വകുപ്പ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു.
ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചില്‍ നിന്ന് സർക്കാരിന് അനുകൂലമായ വിധിയും ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 13നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.