കനകമല കേസ് ; ആറ് പ്രതികള്‍ കുറ്റക്കാര്‍,ഒരാള്‍ കുറ്റവിമുക്തന്‍

single-img
25 November 2019

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി.ഒരാളെ വെറുതെവിട്ടു.കൊച്ചി എന്‍ഐഎ കോടതിയാണ് വിധിപറഞ്ഞത്. ഇവര്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

എട്ട് പേരായിരുന്നു കേസിലെ ആകെ പ്രതികള്‍. ഇവരില്‍ ആറാം പ്രതിയായിരുന്ന കുറ്റ്യാടി സ്വദേശി എന്‍കെ ജാസിമിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ഒരാള്‍ മാപ്പുസാക്ഷിയായി. 2016ലാണ് കേസിനാസ്പദമായ സംഭവം. 2017 മാര്‍ച്ച് മാസമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
കോഴിക്കോട് സ്വദേശി മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ എന്ന സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബ് ബഷീര്‍, കുറ്റ്യാടി സ്വദേശി റംഷാദ് , തിരൂര്‍ സ്വദേശി സഫ്വാന്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിം, കോഴിക്കോട് സ്വദേശി സജീര്‍, എന്നിവരാണ് വിചാരണ നേരിട്ടത്. സായുധ ആക്രമണത്തിനായി കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നയാളും കേസില്‍ പ്രതിയാണ് . എന്നാല്‍ ഇയാളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും.