കോണ്‍ഗ്രസ് വിടുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതം; ജ്യോതിരാദിത്യ സിന്ദിയ

single-img
25 November 2019

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ പദവി മാറ്റം മുൻനിർത്തി താൻ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യുഹങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ദിയ. ട്വിറ്ററിൽ ചേർത്തിരുന്ന കോണ്‍ഗ്രസ് നേതാവെന്ന പദവി താൻ ഒഴിവാക്കിയിട്ട് ഒരുമാസമായി. എന്നാൽ ഇപ്പോഴാണ് മറ്റുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സിന്ദിയയുടെ ട്വിറ്റർ അക്കൌണ്ടിലെ “കോൺഗ്രസ് പ്രവർത്തകൻ” എന്ന ഭാഗം വ്യക്തിവിവരണത്തിൽ നിന്നും അപ്രത്യക്ഷമായതാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്.

ട്വിറ്ററിൽ ചേർത്തിട്ടുള്ള പദവി ചുരുക്കണമെന്ന ആളുകളുടെ നിർദ്ദേശം മാനിച്ചാണ് താൻ ഇക്കാര്യം ചെയ്തത്. കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും വിടുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സിന്ദിയയുമായി ബന്ധമുള്ള 20 എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനും അതുവഴി സർക്കാരിനെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെ വന്ന ഈ വാർത്തയും ബിജെപിയുടെ കുതിരക്കച്ചവടത്തിന് ശ്രമമാണ് നടക്കുന്നതെന്ന രീതിയിൽ വാർത്തകൾക്ക് കാരണമായി.

കോണ്‍ഗ്രസ് നേതാവെന്ന പദവി നീക്കം ചെയ്ത ശേഷം ജനസേവകൻ, ക്രിക്കറ്റ് ആരാധകൻ എന്നീ വിശേഷണങ്ങൾ മാത്രമാണ് അദ്ദേഹം ട്വിറ്ററിൽ നിലവിൽ ചേർത്തിരിക്കുന്നത്.