മധ്യപ്രദേശിലും ബിജെപിയുടെ അട്ടിമറിയ്ക്ക് സാധ്യത; ജ്യോതിരാദിത്യ സിന്ദിയയുടെ ട്വിറ്റർ അക്കൌണ്ടിലെ ‘കോൺഗ്രസ് പ്രവർത്തകൻ’ അപ്രത്യക്ഷമായി

single-img
25 November 2019

മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയുടെ ട്വിറ്റർ അക്കൌണ്ടിലെ “കോൺഗ്രസ് പ്രവർത്തകൻ” എന്ന ഭാഗം വ്യക്തിവിവരണത്തിൽ നിന്നും അപ്രത്യക്ഷമായതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം.

സിന്ദിയയുമായി ബന്ധമുള്ള 20 എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനും അതുവഴി സർക്കാരിനെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോൺഗ്രസിന്റെ 32 എംഎൽഎമാരെ കഴിഞ്ഞ 48 മണിക്കൂറായി കാണാനില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെയാണ് സിന്ദിയയുടെ ട്വിറ്റർ അക്കൌണ്ടിലെ മാറ്റം വാർത്തയായത്. ‘പൊതുപ്രവർത്തകൻ’, ക്രിക്കറ്റ് പ്രേമി’ എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ അക്കൌണ്ടിൽ ഇപ്പോൾ ഉള്ളത്.

എന്നാൽ തന്റെ പ്രൊഫൈലിൽ താൻ ഒരു മാസം മുന്നേ മാറ്റം വരുത്തിയിരുന്നുവെന്നും പ്രൊഫൈലിലെ വ്യക്തിവിവരണം വളരെ നീണ്ടതാണെന്ന ആളുകളുടെ നിർദ്ദേശമനുസരിച്ചാണ് താൻ ഈ മാറ്റം വരുത്തിയതെന്നുമാണ് സിന്ദിയ അവകാശപ്പെടുന്നത്.