മിക്സി വിറ്റ് മദ്യപിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊലപ്പെടുത്തി

single-img
24 November 2019

വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭർത്താവിനെ ഭാര്യ വടികൊണ്ട്‌ തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്‌നാട് അതിർത്തിയായ ഉദുമൽപേട്ടയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.

മംഗലംശാല സുൽത്താൻപേട്ടയ്ക്ക് സമീപം മീനാക്ഷി നഗർ സ്വദേശി വെങ്കിടേശാ (49)ണ് ഭാര്യ ഉമാദേവി (47)യുടെ അടിയേറ്റ് മരിച്ചത്. കഴിഞ്ഞ 17-നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തിൽ പരിക്കേറ്റുവെന്ന്‌ പറഞ്ഞാണ് കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാൾ മരിച്ചു.

വാഹനാപകടം എന്ന നിലയിൽ കേസെടുത്ത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബന്ധുക്കൾ ശവസംസ്കാരവും നടത്തി. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് വാഹനാപകടമല്ല മരണകാരണമെന്ന്‌ മനസ്സിലാകുന്നത്. തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് മംഗലം പോലീസിന്റെ നേതൃത്വത്തിൽ ഭാര്യ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം തെളിഞ്ഞത്.

മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടുപകരണങ്ങൾ വിറ്റ് മദ്യം വാങ്ങി കഴിക്കുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുമായിരുന്നു. 17-ന് 2000 രൂപ വിലമതിക്കുന്ന മിക്‌സി വിറ്റ് വെങ്കിടേഷ് മദ്യപിച്ചതിന്റെ ദേഷ്യത്തിൽ വടിക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഭാര്യ ഉമാദേവി മൊഴി നൽകി.