മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് 14 വയസുകാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു

single-img
24 November 2019

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനൽ കേസുകളിലെ പ്രതികളായ കണ്ണമ്മൂല പുത്തൻപാലം വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ (33), കൊല്ലൂർ തോട്ടുവരമ്പ് വീട്ടിൽ ബി.രാജേഷ് (34) എന്നിവർ ചേർന്നാണ് വാതിൽ പൊളിച്ച് വീടിനുള്ളിൽ കടന്ന് കൗമാരക്കാനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.

തടികൊണ്ടുള്ള അടിയേറ്റ് കൈയും കാലും ഒടിഞ്ഞ ആനയറ ഊളൻകുഴി രാജന്റെ മകൻ നീരജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നഷ്ടമാകാനിടയുള്ള വിധത്തിൽ അതിക്രൂരമായ മർദനമാണ് കൗമാരക്കാരനേറ്റത്.

പ്രതികളെ പേ‌‌ട്ട പൊലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നീരജിന്റെ അച്ഛന്റെ സുഹൃത്തുക്കളാണ് പ്രതികൾ.

വെള്ളിയാഴ്ച രാത്രി 11 നാണ് ഇരുവരും ചേർന്ന് നീരജിനെ തട്ടിക്കൊണ്ടുപോയത്.  ഇവർ നീരജിന്റെ വീടിന് സമീപം ഇരുന്ന കഴിഞ്ഞ ദിവസം മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതികളുടെ മൊബൈൽ ഫോൺ കാണാതായി. മൊബൈൽഫോൺ നീരജ് എടുത്തതാണെന്ന സംശയത്തിലായിരുന്നു മർദനം.

വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതികൾ പിൻവാതിൽ പൊളിച്ച് ഉള്ളിൽ കടന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശബ്ദം കേട്ട് ഉണർന്ന നീരജിനെ ചെകിട്ടത്ത് അടിച്ച് വീഴ്ത്തി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി ചാക്ക ബൈപ്പാസിന് സമീപമുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് എത്തിച്ചു. തുടർന്നാണ് ക്രൂരമർദനം അരങ്ങേറിയത്.

നീരജ് നിലവിളിച്ചെങ്കിലും സമീപത്ത് ആരുമില്ലാത്തതിനാൽ സഹായത്തിന് ആരുമെത്തിയില്ല. അരുണാണ് ആദ്യം തടികൊണ്ട് തലയ്ക്ക് അടിച്ചത്. അടികൊള്ളാതിരിക്കാൻ ഇടതു കൈകൊണ്ട് തടഞ്ഞു. അടിയേറ്റ് കൈ ഒടിഞ്ഞുതൂങ്ങി. പിന്നീട് വലതുകാലും അടിച്ചൊടിച്ചു. താഴെ വീണ നീരജിനെ വീണ്ടും മർദിച്ചു. ദേഹമാസകലം അടിച്ചു. വയറിലും നടുവിലും പരുക്കേറ്റിട്ടുണ്ട്.

അരമണിക്കൂറോളം പ്രതികൾ നീരജിനെ മർദിച്ചു. അവശനായപ്പോൾ തിരികെ ബൈക്കിൽ കയറ്റി വീടിന് മുന്നിൽകൊണ്ട് വന്ന് ഇറക്കിവിട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകണ്ട പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പേട്ട സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികളെ ആനയറയ്ക്ക് സമീപം വച്ച് പിടികൂടി.

കടപ്പാട്: മനോരമ