രാജകീയ പ്രൗഢി ഇനിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ ഉല്‍പാദനം അവസാനിപ്പിക്കുന്നു

single-img
24 November 2019

രാജ്യത്തെ വാഹന പ്രേമികള്‍ക്ക് നിരാശ പടര്‍ത്തുന്ന വാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്. പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന 500 സിസി ബൈക്കുകളുടെ ഉല്‍പാദനം അവസാനിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടേയും 500 സിസി പതിപ്പ് നിരത്തിലെത്തുന്നുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന പുതിയ മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ്6ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാങ്ങാന്‍ ആളില്ലാതെ വന്ന വില്‍പ്പനയിലെ ഇടിവാണ് നീക്കത്തിന്‍റെ പിന്നില്‍.

കമ്പനി 500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുക. അടുത്ത ഘട്ടമായി 500 സിസി സെഗ്മെന്റില്‍ നിന്നും പിന്‍മാറി പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്മെന്റ് ഇറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.